ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ് നാല് ദിവസത്തിനകം 22കാരിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മുൻ കാമുകനായ പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. മെയ് 14ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു കൊലപാതകം.
ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രി വൈകിയും മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇതിനിടെ സുശാന്ത് ഗോൾഫ് സിറ്റിയിലെ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസിൽ നിന്ന് ലഭിച്ചു. പിന്നീട് അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ചാണ് പ്രതിയായ പ്രേം കുമാർ മാഞ്ചിയെ പിടികൂടിയത്. ലഖ്‌നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഇയാൾ ബീഹാറിലെ ചപ്ര സ്വദേശിയാണ്.
ശിവാനിയെ കഴിഞ്ഞ ഏഴ്–എട്ട് വർഷമായി പരിചയമുണ്ടായിരുന്നുവെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് സഹപ്രവർത്തകനായ മനീഷുമായി അടുത്ത ബന്ധമുണ്ടെന്ന സംശയം പ്രേമിനെ അസ്വസ്ഥനാക്കിയിരുന്നു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ ദേഷ്യം കൂടിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാവിലെ ശിവാനിയെ ബൈക്കിൽ വനമേഖലയിലേക്ക് കൊണ്ടുപോയ പ്രതി റബ്ബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ച് സിമന്റ് കട്ട ഉപയോഗിച്ച് തല അടിച്ചുതകർത്തു. ശേഷം തെളിവ് നശിപ്പിക്കാൻ ശിവാനിയുടെ മൊബൈൽ ഫോൺ സമീപത്തെ കനാലിലേക്ക് എറിഞ്ഞതായും പൊലീസ് അറിയിച്ചു.
പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അമിത് കുമാർ ആനന്ദ് വ്യക്തമാക്കി.






