ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിലെ അവലൂക്കുന്ന് കൈതകുളങ്ങരവെളി സ്വദേശി അനീഷ് കുമാർ (37) ആണ് അറസ്റ്റിലായത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്.
2024 മെയ് 10ന് അനീഷ് ബാങ്കിലെത്തി 8.2 ഗ്രാം തൂക്കമുള്ള ആഭരണം പണയംവച്ച് 39,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പണയംവച്ചത് സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും കണ്ടെത്തിയത്.
പലിശ ഉൾപ്പെടെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടായതെന്നാണ് വിവരം. സമാനമായ തട്ടിപ്പുകൾ നടത്തിയതിന് 2025ലും 2026ലും അനീഷിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം.ജെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ അനിൽകുമാർ ബി, എഎസ്ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സിപിഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




