തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി എന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. സിപിഎം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് ഇക്കാര്യത്തിൽ ധാരണയിലെത്താനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്. പിണറായി വിജയൻ പ്രതിപക്ഷ നേതാവും കെ.എൻ.ബാലഗോപാൽ ഉപനേതാവും എന്നതാണ് സിപിഎമ്മിലെ ധാരണ.
നിയമസഭയിലെ രണ്ടാം സ്ഥാനം സിപിഎം ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. വി.എസ്.അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. പിണറായിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു എന്നല്ലാതെ പാർലമെന്ററി പാർട്ടിയിലെ മറ്റു ഭാരവാഹികളെ തിരഞ്ഞെടുത്തതായി സിപിഎം അറിയിച്ചിട്ടില്ല. സിപിഐ അവരുടെ നിയമസഭാകക്ഷി ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു. കെ.രാജനാണ് കക്ഷി നേതാവ്. സിപിഐയുടെ കക്ഷി നേതാവിനെ പ്രതിപക്ഷ ഉപനേതാവായി പ്രതിപക്ഷ നിരയിൽ രണ്ടാമനാക്കണമെന്നാണ് സിപിഐയുടെ ആവശ്യം.






