കൊച്ചി: വിദേശ ജോലി വാഗ്ദാനവും മോഡലിങ് അവസരങ്ങളും കാണിച്ച് യുവതികളെ ദുബായിലേക്ക് കൊണ്ടുപോയി ചൂഷണം നടത്തുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി സിറ്റി പോലീസ്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ സംഘത്തിന്റെ വലയിലായി നിരവധി മലയാളികൾ കുടുങ്ങിയതായി അന്വേഷണസംഘം പറയുന്നു.
എറണാകുളം സ്വദേശിനിയായ ഒരു യുവതി ഭീഷണികളെ അവഗണിച്ച് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ രണ്ട് പരാതികളാണ് കൊച്ചി സിറ്റി പോലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ വഞ്ചിതരായ യുവതികൾ ഭയമില്ലാതെ മുന്നോട്ടുവരാൻ സിറ്റി പോലീസിലെ വനിതാ എസ്.ഐയുടെ ഫോൺ നമ്പറും അന്വേഷണസംഘം പുറത്തുവിട്ടിട്ടുണ്ട്. അപമാനഭയവും ഭീഷണിയും കാരണം പലരും പരാതി നൽകാൻ മടിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
പരാതി നൽകിയ യുവതിയുടെ മൊഴിപ്രകാരം, മലയാളികൾ ഉൾപ്പെടെ നിരവധി യുവതികൾ സമാനരീതിയിൽ ദുബായിൽ ചൂഷണത്തിനിരയായിട്ടുണ്ട്. ചിലർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബ്യൂട്ടീഷ്യൻ, മോഡൽ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് യുവതികളെ സംഘം വലയിലാക്കുന്നത്.
പിന്നീട് രഹസ്യ കേന്ദ്രങ്ങളിലേക്കും ഫ്‌ലാറ്റുകളിലേക്കും മാറ്റി ചൂഷണം നടത്തുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. ഈ സംഘം ഇപ്പോഴും കേരളത്തിൽ സജീവമാണെന്നും പോലീസ് അറിയിച്ചു. പിടിയിലായ പ്രതികളുടെ മൊബൈൽ ഫോൺ രേഖകളും വാട്സാപ്പ് ചാറ്റുകളും പരിശോധിച്ച് കൂടുതൽ പ്രതികളെയും ഇരകളെയും കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.






