ചെന്നൈ: തമിഴ്‌നാട്ടിൽ ജലസംഭരണി നിർമാണവുമായി ബന്ധപ്പെട്ട ടെൻഡർ അനുവദിച്ച ശേഷം മണിക്കൂറുകൾക്കകം സർക്കാർ അത് പിൻവലിച്ചത് വിവാദമായി. ടെൻഡർ നടപടിയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു സർക്കാരിന്റെ നടപടി.
കാഞ്ചീപുരം ജില്ലയിൽ 30,000 ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കാനായി ഗ്രാമവികസന വകുപ്പ് മേയ് 19-ന് ടെൻഡർ ക്ഷണിച്ചു. പദ്ധതിയുടെ കണക്കുകൂട്ടിയ ചെലവ് 16.83 ലക്ഷം രൂപയായിരുന്നു. രാവിലെ ഒൻപത് മണിക്ക് ടെൻഡർ വിജ്ഞാപനം പുറത്തിറക്കിയ സർക്കാർ, അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം അന്നേ ദിവസം വൈകിട്ട് മൂന്ന് മണിയായി നിശ്ചയിച്ചു. അതായത്, കമ്പനികൾക്ക് അപേക്ഷിക്കാൻ ലഭിച്ചത് വെറും ആറു മണിക്കൂർ മാത്രം. വൈകിട്ട് നാല് മണിക്ക് ടെൻഡർ അപേക്ഷകൾ തുറക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇത്ര കുറഞ്ഞ സമയപരിധി നിശ്ചയിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഒരു പ്രത്യേക കമ്പനിക്ക് അനുകൂലമായി ടെൻഡർ നൽകാനാണ് സർക്കാർ ശ്രമിച്ചതെന്നാണ് ഡിഎംകെയുടെ ആരോപണം. ഡിഎംകെ നേതാവ് അമുതരശൻ സാമൂഹികമാധ്യമമായ എക്സിലൂടെ സർക്കാരിനെ വിമർശിച്ചു. “ആറു മണിക്കൂറിനുള്ളിൽ ഒരു കമ്പനിക്ക് ഡീറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ സാധിക്കുമോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.വിവാദം ശക്തമായതോടെ ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ടെൻഡർ റദ്ദാക്കുകയായിരുന്നു.






