തിരുവനന്തപുരം: സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി ആശാപ്രവര്‍ത്തകര്‍. പായസ വിതരണം നടത്തിയാണ് സന്തോഷം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 3,000 രൂപ വര്‍ധിപ്പിച്ചിരുന്നു.
നടന്‍ പ്രേംകുമാര്‍ ആശ സംഗമ വേദിയിലെത്തി. നേരത്തെ ആശ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും പ്രേംകുമാര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. ആശമാരുടേത് ധീരമായ പോരാട്ടമാണെന്നും പലരും പരിഹസിച്ചപ്പോഴും അവര്‍ തളര്‍ന്നുപോകാതെ പിടിച്ചുനിന്നുവെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. പ്രതിമാസം ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ 266 ദിവസമാണ് ആശമാര്‍ രാപ്പകല്‍ സമരം നടത്തിയത്.






