ആലപ്പുഴ: ചെറുതന പഞ്ചായത്ത് ഒന്നാം വാർഡിലെ മുടിയിക്കുഴി റോഡിന്റെ വലിയൊരു ഭാഗം ആറ്റിലേക്ക് ഇടിഞ്ഞ് താഴ്ന്നു. ഇറിഗേഷൻ വകുപ്പിന്റെ പൈലിംഗ്, കൽക്കെട്ട് പണികൾക്കായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതിനെ തുടർന്നാണ് അപകടസ്ഥിതി ഉണ്ടായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണെടുത്തതിന് പിന്നാലെ ദിവസങ്ങളായി കൽക്കെട്ട് പണി ആരംഭിക്കാത്തതോടെ റോഡ് തുടർച്ചയായി ഇടിഞ്ഞ് ആറ്റിലേക്ക് വീഴുകയായിരുന്നു.
റോഡ് ഇടിഞ്ഞതോടെ അതിനടിയിലൂടെ കടന്നുപോയിരുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുകയും പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം പൂർണമായി തടസ്സപ്പെടുകയും ചെയ്തു. പിന്നീട് താൽക്കാലികമായി പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും നിലവിൽ ഭാഗികമായ മാത്രമാണ് വെള്ളം ലഭിക്കുന്നത്.
മുമ്പ് വലിയ വാഹനങ്ങൾ കടന്നുപോയിരുന്ന റോഡിൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പോലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇതോടെ പ്രദേശവാസികളുടെ പ്രധാന യാത്രാമാർഗം തന്നെ അടഞ്ഞു. രോഗികളെയും വയോധികരെയും ആശുപത്രികളിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ട് നേരിടുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.





