മലപ്പുറം: കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ വീടിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറും ലൈറ്ററും കൈവശം വെച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഗ്യാസ് തുറന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാരോപിച്ചായിരുന്നു യുവാവിന്റെ പ്രതികരണം.
തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാൽ മാത്രമേ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്മാറുകയുള്ളുവെന്നും ഇയാൾ വിളിച്ചുപറഞ്ഞു. ഇതിനിടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ഏറെ നേരം അനുനയിപ്പിച്ചെങ്കിലും യുവാവ് വഴങ്ങാനില്ല. തുടർന്ന് തേഞ്ഞിപ്പലം പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ചകൾ നടത്തി.
ഒടുവിൽ അയൽവാസികളായ രണ്ടുപേരുമായി സംസാരിക്കാൻ യുവാവ് തയ്യാറായി. അമ്മയോടൊപ്പം താമസിക്കുന്ന ബിടെക് ബിരുദധാരിയായ ഇയാൾ, പിതാവിൽ നിന്ന് ലഭിക്കാനുള്ള ഒരു തുക കിട്ടിയാൽ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്ന് അറിയിച്ചു. പിതാവിന്റെ കൈവശം ഉടൻ പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ, മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്ത അയൽവാസി തുക താൽക്കാലികമായി നൽകാമെന്ന് സമ്മതിച്ചു. തുടർന്ന് യുവാവ് താഴെയിറങ്ങാൻ തയ്യാറാവുകയായിരുന്നു. ആത്മഹത്യാശ്രമം അവസാനിപ്പിച്ച യുവാവിനെ പിന്നീട് ബന്ധുക്കളോടൊപ്പം ആശുപത്രിയിലേക്ക് മാറ്റി.






