ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന “കോക്രോച്ച് ജനതാ പാർട്ടി” (സിജെപി)യുടെ എക്സ് അക്കൗണ്ട് പൂട്ടി. ഇതിന് പിന്നാലെ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ പ്രതികരണവുമായി രംഗത്തെത്തി.
“പ്രതീക്ഷിച്ചതാണ് സംഭവിച്ചത്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചെന്ന വിവാദ പരാമർശത്തെ തുടർന്നാണ് ഈ ഓൺലൈൻ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ രൂപം കൊണ്ടത്.
“മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന മുദ്രാവാക്യവുമായി എത്തിയ കോക്രോച്ച് ജനതാ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധനേടി. യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഒരു ജെൻസി പ്രസ്ഥാനമായി ഇത് മാറുകയാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും പരിഹാസരൂപത്തിൽ അവതരിപ്പിച്ചിരുന്ന സിജെപി അക്കൗണ്ടിന് വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.






