തിരുവനന്തപുരം: മോളിവുഡ് ബോക്സ് ഓഫീസിൽ വീണ്ടും മോഹൻലാലിന്റെ തേരോട്ടം. ഇന്നലെ റിലീസ് ചെയ്ത ‘ദൃശ്യം 3’ റിലീസ് ദിനത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ തന്നെ ‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളുടെ റെക്കോഡുകളാണ് ദൃശ്യം 3 തിരുത്തിയത്.
റിലീസ് ദിനത്തിൽ 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ‘തുടരും’ എന്ന ചിത്രത്തിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. എന്നാൽ ഇന്നലെ റിലീസ് ചെയ്ത ദൃശ്യം 3 ആദ്യദിനം മാത്രം ബുക്ക് മൈ ഷോയിലൂടെ 5.87 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആദ്യദിനം 3.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ‘എമ്പുരാൻ’ ആണ് ഇപ്പോൾ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ ഇന്നലെയാണ് ഇന്ത്യയൊട്ടാകെ ആരാധകരുള്ള ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തിയത്.






