കൊച്ചി: മെട്രോ രണ്ടാം ഘട്ട നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മഴക്കാലം മുന്നിൽ കണ്ട് സുരക്ഷാ നടപടികൾ ശക്തമാക്കിയതായി കെഎംആർഎൽ അറിയിച്ചു.
രാത്രികാല ദൃശ്യത ഉറപ്പാക്കുന്നതിനായി ബാരിക്കേഡുകളുടെ അറ്റങ്ങളിൽ അധിക റിഫ്ലക്ടറുകളും റിഫ്ലക്ടീവ് ടേപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകൾ പുനഃക്രമീകരിക്കുകയും തിരിവുകളും ഡൈവർഷൻ ഭാഗങ്ങളും ഉൾപ്പെടെ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ ബാരിക്കേഡുകൾ നീക്കം ചെയ്യും.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായി റോഡ് ക്രോസിങ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ബാരിക്കേഡുകളുടെ ഉയരം കുറച്ച് കാഴ്ച കൂടുതൽ വ്യക്തമായിട്ടുണ്ട്.
മെട്രോ അലൈൻമെന്റിലുടനീളം അധിക ട്രാഫിക് വാർഡൻമാരെ നിയോഗിക്കും. ഗതാഗത നിയന്ത്രണത്തിനും യാത്രക്കാർക്ക് സഹായം നൽകുന്നതിനുമാണ് ഇവരെ വിന്യസിക്കുന്നത്. മഴക്കാല സുരക്ഷാ ക്രമീകരണങ്ങൾ തുടർച്ചയായി വിലയിരുത്തി ഏകോപിപ്പിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
നിർമാണ മേഖലകളിൽ കരാറുകാർക്ക് മഴക്കാല മുന്നൊരുക്കങ്ങൾ പാലിക്കാനും നിർമാണ സാമഗ്രികൾ സുരക്ഷിതമായി സൂക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിൽ വെള്ളം ഒഴുക്കിക്കളയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കെഎംആർഎലിന്റെ നിയന്ത്രണത്തിലുള്ള കാനകളും അഴുക്കുചാലുകളും ശുചീകരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
എമർജൻസി റെസ്പോൺസ് ടീമുകൾ എല്ലാ നിർമാണ കേന്ദ്രങ്ങളിലും സജ്ജമാക്കുമെന്നും, മഴക്കാലം അവസാനിക്കുന്നതുവരെ റോഡരികുകളിൽ നിർമാണ സാമഗ്രികൾ സൂക്ഷിക്കരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കി.






