ആലപ്പുഴ: ഗവൺമെന്റ് വനിതാ ഐടിഐയിൽ വിദ്യാർഥിനികൾക്ക് വീണ്ടും ഭക്ഷ്യവിഷബാധയെന്ന് സംശയം. സർവേയർ വിഭാഗത്തിലെ അഞ്ച് വിദ്യാർഥിനികൾ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണമാണ് കാരണമെന്നാണു സംശയം.
ഭക്ഷണത്തിനൊപ്പം നൽകിയ അച്ചാറിന് കടുത്ത രുചി വ്യത്യാസം ഉണ്ടായിരുന്നതായി ചികിത്സയിലുള്ള വിദ്യാർഥിനികൾ അറിയിച്ചു. ഏകദേശം 150 വിദ്യാർഥിനികൾ പഠിക്കുന്ന സ്ഥാപനത്തിൽ പുറത്തുനിന്നുള്ള ഏജൻസിയാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഗുണനിലവാരത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നുവെന്ന് പറയുന്നു.
ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാർഥിനികൾ സ്വന്തം നിലയിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ സംഭവത്തെ കുറിച്ച് രക്ഷിതാക്കളെ വൈകിട്ട് അഞ്ചിനാണ് അറിയിച്ചതെന്ന് പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ആരോപിച്ചു. ഇതിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായും അവർ പറയുന്നു.
ഒരു മാസം മുൻപും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നുവെന്നും, അതിനുശേഷവും ഭക്ഷണ ഗുണനിലവാരം കർശനമായി പരിശോധിക്കാത്തതാണ് വീണ്ടും വിഷബാധയ്ക്ക് കാരണമായതെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






