ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നഴ്‌സിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. മീററ്റിലെ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി ശർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാർഡ് അറ്റൻഡന്റായ സുഫിയാനും സഹോദരി സാജിദയ്ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
അഞ്ജലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപം ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്.
അഞ്ജലിയും സഹപ്രവർത്തകനായ സുഫിയാനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ ജോലിക്കായി പുറപ്പെട്ട അഞ്ജലി പിന്നീട് സുഫിയാന്റെ വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് സുഫിയാനും സഹോദരി സാജിദയും ചേർന്ന് ദുപ്പട്ട ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ശേഷം മൃതദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്ത് ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലുമാണ് പ്രതികളിലേക്ക് എത്താൻ സഹായിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് വിനായക് ഗോപാൽ ഭോസാലെ പറഞ്ഞു.
സാജിദയെ ചോദ്യം ചെയ്തതോടെയാണ് സുഫിയാന്റെ പങ്ക് വ്യക്തമായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുഫിയാനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.






