ഫരീദാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയെന്ന ആരോപണത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ 21കാരനായ ബാഡ്മിന്റൺ താരത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലെ തിഗാവിലാണ് സംഭവം. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയായ മോനുവാണ് കൊല്ലപ്പെട്ടത്.
ഒരു മാസം മുമ്പ് മോനുവും തിഗാവ് സ്വദേശിയായ 17കാരിയും ഒളിച്ചോടിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം മോനുവിനെതിരെ തിഗാവ് പൊലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ, താനാരുമായും ബലമായി കൊണ്ടുപോയതല്ലെന്ന് പെൺകുട്ടി മൊഴി നൽകി.
ഇതിനിടെ കാണാതായ മോനുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് യുവാവ് വീണ്ടും ദുരൂഹമായി അപ്രത്യക്ഷനായത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചാണ് രണ്ട് ദിവസം മുമ്പ് മോനു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് മോനുവിനെ തങ്ങൾ പിടികൂടിയതായി പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മോനുവിനെ അബോധാവസ്ഥയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. മൂന്ന് ദിവസത്തോളം ഇയാളെ ബന്ധിയാക്കി ക്രൂരമായി മർദ്ദിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ മോനു മരിച്ചു.
ആദ്യഘട്ടത്തിൽ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ യുവാവിന്റെ മരണത്തെ തുടർന്ന് കേസ് കൊലപാതകമായി മാറ്റി. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ട് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മോനുവിനെ രാജസ്ഥാനിൽ നിന്നോ, അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ സമയത്തോ തട്ടിക്കൊണ്ടുപോയതാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.






