ചെന്നൈ: കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ണമ്പാളയത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായത്. സുലൂർ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് പൊലീസിലും പരാതി നൽകി.
തുടർന്ന് വെള്ളിയാഴ്ച കുട്ടിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള കുളത്തിൽ സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.






