കോഴിക്കോട്: മൂന്ന് കിലോ എംഡിഎംഎയുമായി പിടിയിലായ ലഹരിമരുന്ന് കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.
ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘവും ഡാൻസാഫ് സംഘവും പ്രതിയെ ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കൈവിലങ്ങ് അണിഞ്ഞിരുന്ന പ്രതി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 2ന് മുക്കത്ത് 500 ഗ്രാം എംഡിഎംഎയുമായി ഹനീഫയെ ആദ്യം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് കൂടി ലഹരിമരുന്ന് കണ്ടെത്തി. ആകെ 2.803 കിലോ എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മേയ് 1ന് മുക്കത്തെ വീട്ടിലും പ്രതിയെ എത്തിച്ച് പരിശോധന നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.






