ലഡാക്ക്: ലേയിൽ ഇന്ത്യൻ കരസേനയുടെ ചീറ്റ ഹെലികോപ്ടർ തകർന്നുവീണ അപകടത്തിൽ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെട്ടു. ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) സച്ചിൻ മേത്ത, ഒരു ലഫ്റ്റനന്റ് കേണൽ, ഒരു മേജർ എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. മൂന്നുപേർക്കും പരിക്കേറ്റിട്ടുണ്ട്.
മെയ് 20ന് ലേയുടെ തെക്കുകിഴക്കൻ ഭാഗമായ ടാങ്സ്റ്റെ മേഖലയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽപെട്ട ഹെലികോപ്ടറിന്റെ സമീപത്ത് ഇരുന്ന് മേജർ ജനറൽ സച്ചിൻ മേത്ത എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിൽ തകർന്ന ഹെലികോപ്ടറും ഉദ്യോഗസ്ഥരും കാണാം. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ലഫ്റ്റനന്റ് കേണലും മേജറുമായിരുന്നു ഹെലികോപ്ടറിന്റെ പൈലറ്റുമാർ.
1970കളിൽ കരസേനയിൽ ഉൾപ്പെടുത്തിയ ചീറ്റ ഹെലികോപ്ടറുകളുടെ സുരക്ഷയെക്കുറിച്ച് ഏറെ നാളായി ചർച്ചകൾ നടക്കുന്നുണ്ട്. 1984ലെ സിയാച്ചിൻ ഓപ്പറേഷൻ മേഘദൂതിലും ഈ ഹെലികോപ്ടറുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി നിരവധി അപകടങ്ങൾ സംഭവിച്ചതിനെ തുടർന്ന് ഇവ പിൻവലിക്കുന്ന നടപടികൾ സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിന് പകരമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ സൈന്യത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിനുള്ള ഓർഡർ കരസേന നൽകിയതായും റിപ്പോർട്ടുകളുണ്ട്.





