ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു ആത്മഹത്യ ചെയ്തതിന് പിന്നാലെ വരനും ജീവനൊടുക്കി.
മുറാർ സ്വദേശിയായ ജ്യോതി തോമറിനെ മെയ് 20-ന് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷം ഭർത്താവ് സിദ്ധാർഥ് സ്വന്തം വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലായാണ് കണ്ടെത്തിയത്. ഏപ്രിൽ 20-നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ഭാര്യയുടെ മരണത്തിന് ശേഷം സിദ്ധാർഥ് മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരുടെയും ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കുടുംബങ്ങൾക്കും ഇതുസംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ധാർഥിന്റെയും ജ്യോതിയുടെയും മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.






