കാൻപൂർ: ഉത്തർപ്രദേശിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് നടപടി സ്വീകരിച്ചത്.
ഗ്രേറ്റർ നോയിഡയിലെ പരീക്ഷാ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ ഏഴ് പേരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 50 ലക്ഷം രൂപ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും പിടിച്ചെടുത്തു.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്, അസം റൈഫിൾസ് റിക്രൂട്ട്മെന്റ് പരീക്ഷകളിലാണ് സംഘം ക്രമക്കേട് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷയിൽ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഓരോ ഉദ്യോഗാർഥികളിൽ നിന്നും നാല് ലക്ഷം രൂപ വീതമാണ് ഇവർ ഈടാക്കിയിരുന്നത്.
പരീക്ഷ നടക്കുന്നതിനിടെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദ്യാർഥികൾക്ക് തത്സമയം ഉത്തരങ്ങൾ കൈമാറിയിരുന്നുവെന്ന് അധികൃതർ അറിയിച്ചു. എസ്എസ്‌സി വെബ്സൈറ്റ് നേരിട്ട് ഹാക്ക് ചെയ്യാതെ പ്രോക്സി സെർവർ സ്ഥാപിച്ച് സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ വഴി ചോദ്യങ്ങൾ പുറത്തുള്ളവരിലേക്ക് കൈമാറുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.






