ആലപ്പുഴ: തോട്ടിൽ മുങ്ങിത്താഴ്ന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സുഹൃത്തുക്കളുടെ സാഹസിക ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരായ പച്ച പടിഞ്ഞാറേ കാട്ടുങ്കൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൻ ഷാരോൺ സെബാസ്റ്റ്യനും പച്ച ചേന്ദങ്കര സിജോ ദേവസ്യയുടെ മകൻ മൈക്കിൾ സി. സിജോയും ചേർന്നാണ് വിദ്യാർത്ഥിയെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് പന്തുകളിച്ച ശേഷം സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. നീന്തുന്നതിനിടെ വിദ്യാർത്ഥി ആഴമേറിയ ഭാഗത്തേക്ക് മുങ്ങിത്താഴ്ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മൈക്കിൾ ഉടൻ തന്നെ വെള്ളത്തിലിറങ്ങി സുഹൃത്തിനെ പിടിച്ചുവലിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് സാധിച്ചില്ല.
മറ്റ് കുട്ടികളുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ ഷാരോൺ വെള്ളത്തിലിറങ്ങി മൈക്കിളിനൊപ്പം ചേർന്ന് വിദ്യാർത്ഥിയെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.
പച്ച അമർ ജവാൻ ട്രോഫിയുമായി ബന്ധപ്പെട്ട വള്ളംകളി സീസണിൽ നട്ടായം പ്രദേശത്ത് തോട് ആഴംകൂട്ടിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളുടെ ധൈര്യത്തിനും രക്ഷാപ്രവർത്തനത്തിനും നാട്ടുകാർ അഭിനന്ദനം അറിയിച്ചു.






