ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ സേവാ തീർത്ഥ് ഹാളിൽ നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് റൂബിയോ ക്ഷണക്കത്ത് കൈമാറിയത്.
വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഇന്ത്യ-അമേരിക്ക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തി. പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടൺ സന്ദർശനം അടുത്ത ദിവസങ്ങളിൽ തന്നെ നടന്നേക്കുമെന്നാണ് യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചിപ്പിച്ചത്.
തന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിനായാണ് മാർക്കോ റൂബിയോ ശനിയാഴ്ച ഇന്ത്യയിലെത്തിയത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഇറങ്ങിയ അദ്ദേഹം വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും സമീപത്തുള്ള നിർമ്മല ശിശുഭവൻ അനാഥാലയവും സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോയും യുഎസ് അംബാസഡർ സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ 14 വർഷത്തിനിടെ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. തുടർന്ന് ഡൽഹിയിലെത്തിയ റൂബിയോ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി.
നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയിരിക്കുന്ന റൂബിയോ ഞായറാഴ്ച ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വിപുലമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള എൽഎൻജി, അസംസ്കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കൽ, ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങൾ എന്നിവ ചർച്ചയിലുണ്ടാകും.
ഡൽഹി സന്ദർശനത്തിന് ശേഷം ആഗ്ര, ജയ്പൂർ നഗരങ്ങളും റൂബിയോ സന്ദർശിക്കും. മേയ് 26-ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിൽ ക്വാഡ് യോഗം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.






