കൊല്ലം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ചേർന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ്. കൊറോണ കാലത്താണ് കുടുംബം ലോട്ടറി കച്ചവടം ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ അമ്മാ ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്.
വിൽക്കാനുള്ള ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. തന്റെ ഭാഗ്യ നമ്പറായ “2” കണ്ടതിനാലാണ് ടിക്കറ്റ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനം VA 616453, VB 372020, VC 348224, VD 252972, VE 649598, VG 367998 എന്നീ ടിക്കറ്റുകൾക്ക് ലഭിച്ചു.
കരുനാഗപ്പള്ളി സബ് ഓഫീസിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അനിൽ ഡി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ഈ വർഷം വിഷു ബമ്പറിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്.






