എറണാകുളം: നടി അൻസിബ അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ വളർച്ച ചിലർ ഭയപ്പെടുന്നുവെന്നും പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ടിനി ടോം ആരോപിച്ചു.
അൻസിബയുടെ രാജിക്കു പിന്നാലെ നടത്തിയ തുറന്നുപറച്ചിലിൽ, ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും “ജിഹാദി” എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടിനി ടോമിന്റെ പ്രതികരണം.
അൻസിബ എനിക്ക് സഹോദരിയെ പോലെയാണ്. ജിഹാദി ആരോപണം എന്താണെന്ന് പോലും എനിക്ക് അറിയില്ല. ഞാൻ ഒരിക്കലും മതവുമായി ബന്ധപ്പെടുത്തി ആരെയും കുറിച്ച് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഈ വാർത്തകൾ അറിഞ്ഞത്, എന്നാണ് ടിനി ടോം പറഞ്ഞത്.
അൻസിബയുടെ രാജിക്കാരണം തിരക്കുകളാണെന്നാണ് അറിയിച്ചതെന്നും തന്റെ പേരിൽ ഇതുവരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടക്കുന്നത് പരദൂഷണമാണ്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അമ്മ സംഘടനയാണ്, എന്നും ടിനി ടോം വ്യക്തമാക്കി.
അമ്മ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര വിഷയങ്ങൾ വീണ്ടും പൊതുചർച്ചയാകുന്നതിനിടെ, ഇരുവരുടെയും പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലും സിനിമാ മേഖലയിലും വ്യാപകമായ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.






