ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തകാലത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന്. ബാങ്കോക്കിൽ നിന്ന് എത്തിയ രണ്ട് തായ്‌ലൻഡ് സ്വദേശികളിൽ നിന്ന് ഏകദേശം 48 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു.
മേയ് 22-ന് ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രതികൾ ഗ്രീൻ ചാനൽ വഴി പരിശോധനകളില്ലാതെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു. യാത്രാവിവരങ്ങളിലെയും പെരുമാറ്റത്തിലെയും സംശയാസ്പദമായ സാഹചര്യങ്ങളെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ഇരുവരുടെയും ലഗേജുകളിൽ നിന്നായി 47.805 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടിച്ചെടുത്തത്. മണം പുറത്തുവരാതിരിക്കാനായി വാക്വം സീൽ ചെയ്ത ആറു പാക്കറ്റുകളിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ഒന്നാം പ്രതിയുടെ ബാഗിൽ നിന്ന് 29 കിലോഗ്രാം തൂക്കം വരുന്ന നാല് പാക്കറ്റുകളും രണ്ടാം പ്രതിയുടെ ബാഗിൽ നിന്ന് 19 കിലോഗ്രാം വരുന്ന രണ്ട് പാക്കറ്റുകളും കണ്ടെത്തി.
മണ്ണ് ഉപയോഗിക്കാതെ ധാതുലവണങ്ങൾ അടങ്ങിയ ലായനികളിലൂടെ വളർത്തുന്ന സസ്യങ്ങളിൽ നിന്നാണ് ഹൈഡ്രോപോണിക് കഞ്ചാവ് നിർമ്മിക്കുന്നത്. സാധാരണ കഞ്ചാവിനെക്കാൾ കൂടുതലായി ലഹരിവീര്യം അടങ്ങിയിരിക്കുന്നതിനാൽ ഇതിന് വിപണിയിൽ ഉയർന്ന വിലയുണ്ട്. THC എന്ന ലഹരി ഘടകത്തിന്റെ അളവ് സാധാരണ കഞ്ചാവിൽ 5 മുതൽ 15 ശതമാനം വരെയാണെങ്കിൽ ഹൈഡ്രോപോണിക് രീതിയിൽ വളർത്തിയവയിൽ ഇത് 25 മുതൽ 35 ശതമാനം വരെ ഉയരാമെന്നാണ് റിപ്പോർട്ട്.






