കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടക്കും.
മെയ് 15ന് രാത്രി ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാറിനുള്ളിൽ പെട്ടെന്ന് തീപിടിച്ചതോടെ സോനയും രജിൻലാലും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തന്നെ സോന മരിച്ചിരുന്നു.
പൊലീസ് അന്വേഷണത്തിൽ സോന ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ്. രജിൻലാലിന് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിന്റേത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സോന മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് സംശയിക്കുന്നു.
സംഭവ ദിവസം സോന സഹോദരിയോടൊപ്പം പേരാമ്പ്രയിൽ എത്തി കന്നാസിൽ പെട്രോൾ വാങ്ങിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കാറിൽ ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നതും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കാറിൽ പെട്രോൾ ഗന്ധം അനുഭവപ്പെട്ടതായി രജിൻലാൽ ചികിത്സയ്ക്കിടെ മൊഴി നൽകിയിരുന്നു. എന്നാൽ സോനയെ കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണവും സംഭവത്തിന് പിന്നാലെ ഉയർന്നിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.




