കൊച്ചി: കൊച്ചി പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. കന്യാകുമാരിയിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അമിതവേഗത്തിലെത്തിയ വാഗണർ കാർ കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങി. ഓടയിലേക്ക് ഇറങ്ങിയ ബസിന്റെ ഒരു വശം ഉയർന്ന നിലയിലായിരുന്നു.
അപകടസമയത്ത് 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പുലർച്ചെയായതിനാൽ യാത്രക്കാരിൽ പലരും ഉറക്കത്തിലായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉടൻ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇൻഡിക്കേറ്റർ ഇടാതെ അമിതവേഗത്തിൽ എത്തിയ കാർ പെട്ടെന്ന് വലതുവശത്തേക്ക് കയറിയതിനെ തുടർന്ന് ഇടിക്കാതിരിക്കാൻ ബ്രേക്ക് പിടിക്കുകയായിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞു. ഇതിനിടെ ബസ് കാറിൽ തട്ടുകയും തുടർന്ന് നിയന്ത്രണം നഷ്ടമായി ഓടയിലേക്ക് തെന്നിയിറങ്ങുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റി യാത്ര തുടരാൻ സൗകര്യമൊരുക്കി.






