കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രണ്ടരയും മൂന്ന് വയസുമുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പെരുമണ്ണ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലിനമായ ഭക്ഷണവും വെള്ളവും ഒഴിവാക്കണമെന്ന് നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.






