ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച അറിയിപ്പ് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ബന്ധപ്പെട്ട മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർക്ക് നൽകിയതായി റിപ്പോർട്ടുണ്ട്.
നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് ഡിസിസിയിലേക്ക് നാമനിർദേശം ചെയ്തത്. കുമളി സ്വദേശികളായ മജോ കാരിമുട്ടം, ജോയി വടക്കേടം, വർക്കി ആലക്കാപറമ്പിൽ, കാഞ്ചിയാർ സ്വദേശി മാമ്പ്രയിൽ ജോർജ് ജോസഫ് എന്നിവരാണ് മറ്റു അംഗങ്ങൾ.
2022 ജനുവരി 10ന് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ നടന്ന സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിഖിൽ പൈലി ഉൾപ്പെടെ എട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്.
നിഖിൽ പൈലിയെ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരെ ചർച്ചകൾ ഉയർന്നിരിക്കുകയാണ്. അതേസമയം, പ്രതികൾ നിരപരാധികളാണെന്ന നിലപാടാണ് തുടക്കം മുതൽ ജില്ലാ കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നതെന്ന് പറയുന്നു.
ഡിസിസി അംഗമായി നാമനിർദേശം ലഭിച്ചതിനു പിന്നാലെ നിഖിൽ പൈലി കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു.തീരുമാനം ന്യായീകരിച്ച് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്തെത്തി. നിഖിൽ പൈലിയെ നാമനിർദേശം ചെയ്തതിൽ തെറ്റില്ലെന്നും “ധീരജിനെ കുത്തിയെന്ന് പറയുന്ന കത്തി ഇതുവരെ കണ്ടെത്തിയിട്ടില്ല” എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.






