പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ തെളിവില്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങിയത് ആശുപത്രിയിൽ വെച്ചാണെന്ന ആരോപണത്തിന് തെളിവുകളില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട ചികിത്സാ രേഖകൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗിക്ക് ആ ദിവസങ്ങളിൽ പേശിയിലേക്ക് കുത്തിവെപ്പ് നൽകിയിട്ടില്ലെന്നും, ഞരമ്പിലേക്ക് മാത്രമാണ് കുത്തിവെപ്പ് നൽകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചികിത്സ കൈകാര്യം ചെയ്തതിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സൂചി കുടുങ്ങിയ നിലയിൽ രോഗിയെ വീട്ടിലേക്ക് വിട്ടതും, സംഭവം മേലധികാരികളെ അറിയിക്കാതിരുന്നതും വീഴ്ചയായി വിലയിരുത്തുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ആറന്മുള സ്വദേശിനി വത്സലയാണ് പരാതി നൽകിയത്. ഒരു വർഷം മുമ്പ് നടത്തിയ ചികിത്സയ്ക്കിടെ സൂചിയുടെ ഭാഗം ശരീരത്തിൽ കുടുങ്ങിയതായും പിന്നീട് വേദന വർധിച്ചതായും അവർ ആരോപിച്ചിരുന്നു. ശസ്ത്രക്രിയയിലൂടെ സൂചിയുടെ ഭാഗം പുറത്തെടുത്തതായി ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആരോഗ്യ വകുപ്പ് കൂടുതൽ പരിശോധനകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.






