തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വീടിന്റെ മുകളിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം സ്വദേശി ബൈജുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഇൻഷുറൻസ് ഇല്ലാത്തതും മദ്യപിച്ച് വാഹനമോടിച്ചതും സംബന്ധിച്ച കേസിൽ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പിഴയും ഇൻഷുറൻസ് തുകയും അടച്ചിട്ടും ഓട്ടോ വിട്ടുനൽകാൻ പൊലീസ് തയ്യാറായില്ലെന്നും, കേസ് എഫ്ഐആർ ആയതിനാൽ കോടതി വഴി മാത്രമേ വാഹനം റിലീസ് ചെയ്യാനാകൂ എന്ന നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെ തന്റെ ജീവിതോപാധി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ബൈജു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.
ഇതിനിടെ കുടുംബത്തെ അറിയിക്കാതെ ബൈജുവിനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും, വിവരം അറിഞ്ഞ് ബന്ധുക്കൾ നേരിട്ടെത്തി അവിടെ നിന്ന് കൊണ്ടുപോയതായും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ രാത്രി വീടിന് മുകളിലെ വാട്ടർ ടാങ്കിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.






