ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരുമെന്ന തീരുമാനം സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സ്ഥിരീകരിച്ചത്. യോഗത്തിൽ പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. നേതാക്കളുടെ പെരുമാറ്റവും പൊതുജനങ്ങളുമായി ഉള്ള അകലം പാർട്ടിയെ ബാധിച്ചുവെന്ന വിലയിരുത്തലാണ് ഉയർന്നത്.
പാർട്ടിയെ കൂടുതൽ ജനകീയമാക്കണമെന്നും ജനസ്വീകാര്യതയുള്ള നേതാക്കളെ മുൻനിരയിൽ കൊണ്ടുവരണമെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചു. കെ കെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവർ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള നേതാക്കളാണെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിരുന്നു. കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി വിലയിരുത്തേണ്ടതുണ്ടെന്നും, പാർട്ടിക്ക് താഴെത്തട്ടിലെ ജനമനസ്സ് തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കൂടുതൽ വിശദമായ ചർച്ചകൾ നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഉടൻ വിളിച്ചുചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.






