ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ ഉണ്ടായ ദാരുണ അപകടത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. തട്ടെ ഹക്കലു നദിയിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് ഇവർ ശക്തമായ ഒഴുക്കിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേരും സ്ത്രീകളാണ്.
ഭദ്കൽ താലൂക്കിലെ ശിരാലി സ്വദേശികളായ ഉമേഷ് മഞ്ജുനാഥ് നായക് (40), ലക്ഷ്മി മഹാദേവ് നായക് (42), ലക്ഷ്മി ജട്ടപ്പ നായക് (30), ലക്ഷ്മി അപ്പണ്ണ നായക് (60), ലക്ഷ്മി ശിവറാം നായക് (49), ജ്യോതി മസ്തമ്മ നായക് (34), മാലതി നായക് (38), മസ്തമ്മ നായക് (60) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച 14 പേർ ചേർന്നാണ് നദിയിൽ കല്ലുമ്മക്കായ ശേഖരിക്കാനെത്തിയത്. നദിയുടെ ആഴമുള്ള ഭാഗത്തെത്തിയപ്പോൾ ശക്തമായ ഒഴുക്കിൽ പലരും പെട്ടുപോയി. നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നാഗരത്നയും മഹാദേവിയും എന്ന രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.






