എറണാകുളം: ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടക്കുന്നതെന്താണെന്ന് പ്രസിഡന്റായ തനിക്ക് പോലും അറിയില്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാറില്ലെന്നും ശ്വേത ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. എന്നെ ലക്ഷ്യമിടുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്, ശ്വേത കൂട്ടിച്ചേർത്തു.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. “അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ അഭിമാനത്തോടെ മാറിനില്‍ക്കും,” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനയുടെ ബൈലോയെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെട്ടുവെന്നും, സെക്രട്ടറിയാണ് ഉയര്‍ന്ന പദവിയെന്ന രീതിയില്‍ പറഞ്ഞ അഭിഭാഷകനെ ജനറല്‍ സെക്രട്ടറി തന്നെ ഏര്‍പ്പാടാക്കിയതാണെന്നും ശ്വേത ആരോപിച്ചു. നിലവിലെ പ്രതിസന്ധികള്‍ മറികടക്കാനാകുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
ഇതിനിടെ, നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളോടും ശ്വേത പ്രതികരിച്ചു. സംഘടനയുടെ വക്താവല്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്നത് അച്ചടക്കലംഘനമാണെന്നും, മാധ്യമങ്ങളോട് പ്രതികരിച്ച ശേഷമാണ് അന്‍സിബ ഔദ്യോഗികമായി പരാതി മെയില്‍ ചെയ്തതെന്നും ശ്വേത പറഞ്ഞു.
നടി ലക്ഷ്മി പ്രിയയുമായി ബന്ധപ്പെട്ട കേസ് വ്യക്തിപരമായ വിഷയമാണെന്നും അതില്‍ “അമ്മ”യ്ക്ക് പങ്കില്ലെന്നും ശ്വേത വ്യക്തമാക്കി. അന്‍സിബയെ ഇപ്പോഴും അനിയത്തിയെപ്പോലെ കാണുന്നുവെന്നും, എല്ലാ വിഷയങ്ങളും ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. എല്ലാ തെളിവുകളും കൈവശമുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.






