ടെഹ്‌റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തുന്നതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങൾക്കാണെന്ന് ഇറാൻ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ ടെഹ്‌റാന് നിയമപരമായ അവകാശമുണ്ടെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് മൊഹ്‌സിൻ റെസായി പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം ഉറപ്പാകുന്നത് ദേശീയ സുരക്ഷ ശക്തിപ്പെടുത്തുമെന്നും ഗൾഫ് മേഖലയിലെ ദീർഘകാല അസ്ഥിരതയ്ക്ക് അറുതിയാകുമെന്നും മുൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവിയായ റെസായി വ്യക്തമാക്കി.
സൈനിക സജ്ജീകരണവും നയതന്ത്ര ചർച്ചകളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാനാണ് ടെഹ്‌റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാളികൾ സജ്ജമായിരിക്കുമ്പോൾ നയതന്ത്ര തലത്തിലും ശക്തമായ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റെസായി കൂട്ടിച്ചേർത്തു.
ഇറാന്റെ തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, അമേരിക്ക-ഇറാൻ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കരാറിന്റെ അന്തിമ ചർച്ചകളും വിശദാംശങ്ങളും പുരോഗമിക്കുകയാണെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും പൂർണമായും തുറക്കാനും ഇറാന്റെ കപ്പൽഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുമുള്ള കരാറിനായി ഇരുരാജ്യങ്ങളും ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടുത്ത 30 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ പ്രത്യേകമായി ചർച്ച ചെയ്യാനാണ് സാധ്യത. ചർച്ചകളിൽ നിർണായക പുരോഗതി ഉടൻ ഉണ്ടാകാമെന്ന സൂചന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നൽകിയിട്ടുണ്ട്.
പേർഷ്യൻ ഗൾഫിനെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് ലോകത്തെ എണ്ണ-വാതക വിതരണ ശൃംഖലയിലെ ഏറ്റവും നിർണായക പാതകളിലൊന്നായി കണക്കാക്കപ്പെടുന്നു.






