മലപ്പുറം: വഴിക്കടവ് ആനമറിയിൽ വീണ്ടും പുലിയിറങ്ങി. വീട്ടുമുറ്റത്തെ കോഴിക്കൂട് തകർത്താണ് പുലി കോഴികളെ പിടികൂടിയത്. കാക്കത്തോടൻ താജുദ്ദീന്റെ വീട്ടിലാണ് സംഭവം നടന്നത്. രാവിലെ കൂട് തകർന്ന നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തി.
ഒരു മാസം മുൻപും സമീപത്തെ പി. ലാത്തൊടിക മുജീബ് റഹ്‌മാന്റെ വീട്ടിൽ പുലിയെത്തി താറാവുകളെ പിടികൂടിയിരുന്നു. ഇഷ്ടികകൊണ്ട് നിർമ്മിച്ച കൂട് തകർത്താണ് ആക്രമണം നടന്നത്. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് തവണയാണ് അന്ന് പുലിയെത്തിയത്.
ശനിയാഴ്ച രാത്രി നാടുകാണി ചുരം ഒന്നാം വളവിന് സമീപം പുലി റോഡ് മുറിച്ചുകടക്കുന്നതും നാട്ടുകാർ കണ്ടതായി പറയുന്നു. ലോറി ഡ്രൈവർ പുലിയെ കണ്ട വിവരം ചെക്‌പോസ്റ്റിലെ പൊലീസിനെ അറിയിച്ചതായും പ്രദേശവാസികൾ പറഞ്ഞു. തുടർച്ചയായ പുലി സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. വനവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തി.






