കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നും, സർക്കുലർ വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ പൊതുപരിപാടികൾ തടസ്സപ്പെടുത്തുന്നതോ അലങ്കോലപ്പെടുത്തുന്നതോ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദത്തിന് തുടക്കമായത് ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നിർദേശപ്രകാരം മലയാള സർവകലാശാലയിൽ പുറത്തിറക്കിയ പുതിയ പെരുമാറ്റച്ചട്ടമാണ്. ഇതിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമെന്നായി കണക്കാക്കുന്നതും ക്യാമ്പസിൽ മുദ്രാവാക്യം വിളി നിരോധിക്കുന്നതുമാണ് ഉൾപ്പെട്ടിരിക്കുന്നത്. അനധികൃത രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുണ്ട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി SFI രംഗത്തെത്തി. വിഷയത്തിൽ സർക്കാരും സർവകലാശാല അധികൃതരും തുടർനടപടി പരിശോധിക്കുമെന്ന് അറിയിച്ചിരിക്കെ, ക്യാമ്പസ് രാഷ്ട്രീയവും സ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് ശക്തമായി തുടരുകയാണ്.






