കൊല്ലം: അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ആറന്മുള പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതർ കത്തിച്ചത്. സംഭവത്തിന് പിന്നാലെ ഭീഷണി സന്ദേശം അടങ്ങിയ കത്തും വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിച്ചതും കണ്ടെത്തി.
കസ്റ്റഡിയിലെടുത്ത പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ കഴിയുന്നതിനിടെ വിഷം കഴിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സംഭവസ്ഥലത്ത് പുനലൂർ എഎസ്പി പരിശോധന നടത്തിയിരുന്നു. പൊലീസിന് ലഭിച്ച ഭീഷണിക്കത്തിൽ, ഉദ്യോഗസ്ഥന്റെ വ്യക്തിപരവും ഔദ്യോഗികവുമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും ഭീഷണികളും ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






