കോഴിക്കോട്: തിരുവമ്പാടി കക്കാടംപൊയിൽ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കള്ളിപ്പാറയ്ക്കും പീടികപ്പാറയ്ക്കും ഇടയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ സമയത്ത് പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്.
നിലമ്പൂരിൽ നിന്ന് വരികയായിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട മറ്റ് വാഹനയാത്രക്കാരാണ് വിവരം അറിയിച്ചത്. തുടർന്ന് കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറിൽ മുഴുവൻ തീപിടിച്ചു. വിവരം അറിഞ്ഞെത്തിയ മുക്കത്തെ ഫയർഫോഴ്സ് സംഘം രണ്ട് യൂണിറ്റുകളായി എത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വാഹനം മാറ്റിയതോടെ ഗതാഗതം സാധാരണ നിലയിലായി. കാറിന് തീപിടിക്കാൻ കാരണമായത് എന്താണെന്ന് വ്യക്തമല്ല.






