തിരുവനന്തപുരം: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി വർഷങ്ങളായി പോരാട്ടം നടത്തിയ ഹർഷിനയ്ക്ക് സർക്കാർ ജോലി ലഭിച്ചു. കഴിഞ്ഞ സർക്കാർ കാലത്ത് ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹർഷിനയുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെയാണ് തീരുമാനം.
മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടതായും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ഹർഷിന അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്ന് ഉറപ്പ് ലഭിച്ചതോടെ ഇന്ന് തന്നെ നിയമന ഉത്തരവ് ഇറങ്ങുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ലഭിക്കുമെന്ന സൂചനയുമുണ്ട്. നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന നിരവധി ആളുകൾക്ക് നന്ദി അറിയിച്ച ഹർഷിന, സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചവർക്കുള്ള മറുപടിയാണ് ഈ തീരുമാനമെന്ന് പ്രതികരിച്ചു.
2017-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയതായി പിന്നീട് കണ്ടെത്തിയതാണ് സംഭവം. അഞ്ചു വർഷത്തോളം വേദന സഹിച്ച ഹർഷിനയ്ക്ക് 2022 സെപ്റ്റംബറിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു.
പിന്നീട് മെഡിക്കൽ നെഗ്ലിജൻസ് ആരോപിച്ച് അവർ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടന്നത്. വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിനും സമരത്തിനും ഒടുവിലാണ് ഇപ്പോൾ സർക്കാർ ജോലി ലഭിക്കുന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയത്.





