തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളത്തിന് (എസ്.എസ്.കെ.) 348 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാർ ധാരണയിലെത്തി. വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ.) പ്രകാരമുള്ള പദ്ധതികൾക്കായി 205 കോടി രൂപയും സ്റ്റാർസ് പദ്ധതിക്കായി 143 കോടി രൂപയും നൽകാനാണ് തീരുമാനം.
എസ്.എസ്.കെ. ഡയറക്ടർ ഡോ. എ.എസ്. സുപ്രിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം ഉണ്ടായത്. ആർ.ടി.ഇ. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, യൂണിഫോം, പഠന പിന്തുണ എന്നിവ നൽകുന്നതിനാണ് 205 കോടി രൂപ അനുവദിക്കുന്നത്. 2023-24 മുതൽ 2025-26 വരെയുള്ള അധ്യയന വർഷങ്ങൾ പരിഗണിച്ചാണ് ഈ തുക കണക്കാക്കിയത്.
ഇതിൽ 99 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇനി 106 കോടി രൂപ കൂടി ലഭിക്കാനുണ്ട്. ഇതിന് പുറമെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 143 കോടി രൂപയും കേരളത്തിന് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
പി.എം.-ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയായതിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. എന്നാൽ പുതിയ അധ്യയന വർഷത്തേക്കുള്ള എസ്.എസ്.കെ. ഫണ്ടിനെ കുറിച്ച് ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പി.എം.-ശ്രീ കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ കേന്ദ്രം 92 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് പദ്ധതി വിവാദങ്ങളെ തുടർന്ന് നിലച്ചതോടെ കൂടുതൽ തുക ലഭിച്ചില്ല. ഇതോടെ ശമ്പളവും മറ്റ് ചെലവുകളും സംസ്ഥാനം സ്വന്തം നിലയിൽ വഹിക്കേണ്ടിവന്നു.
മാർച്ചിൽ വീണ്ടും 99 കോടി രൂപ അനുവദിച്ചെങ്കിലും, മുമ്പ് നൽകിയ 92 കോടി രൂപ അതിൽ നിന്ന് കുറച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് കേന്ദ്രം പിന്നീട് തീരുമാനം തിരുത്തി.






