ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വയോധികയായ വിരമിച്ച അധ്യാപികയ്ക്ക് നഷ്ടമായത് 24 കോടി രൂപ. കേസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആറുപേരെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
ശിവാജി നഗറിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 74-കാരിയായ വിരമിച്ച അധ്യാപിക ലക്ഷ്മി രാമമൂർത്തിയാണ് തട്ടിപ്പിനിരയായത്. തമിഴ്‌നാട്ടിലെ ഈറോഡിൽ നിന്നുള്ള എൻ. ശിവജ്ഞാനം, മുംബൈ സ്വദേശി അക്കാച്ച് മല്ലിക്, അഹമ്മദാബാദിലെ പാലക് ഭായ് പട്ടേൽ, അമിത് നരേന്ദ്ര പട്ടേൽ, ന്യൂഡൽഹിയിലെ ഓം പ്രകാശ് രജ്പുത്, ബിഹാറിലെ ഗൗരവ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
ലക്ഷ്മി രാമമൂർത്തിക്ക് അക്കൗണ്ടുള്ള സ്വകാര്യ ബാങ്ക് മാനേജരുടെ സമയോചിത ഇടപെടലാണ് വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. മക്കളെല്ലാം വിദേശത്തായതിനാൽ അവർ ബെംഗളൂരുവിൽ ഒറ്റയ്ക്കായിരുന്നു താമസം. ബെംഗളൂരുവിലും ദുബായിലും അധ്യാപികയായി ജോലി ചെയ്തിരുന്ന ഇവരെ സി.ബി.ഐ., ഇ.ഡി. ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച പ്രതികൾ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിലൂടെ കുടുക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതികൾ, നിയമനടപടിയുടെ ഭയം മുതലെടുത്ത് ഫെബ്രുവരി 10 മുതൽ മാർച്ച് 24 വരെ ഘട്ടംഘട്ടമായി 24 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി കൈമാറിപ്പിച്ചു. ഇതിന് ശേഷവും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നു.
തുടർന്ന് കൂടുതൽ പണം കണ്ടെത്തുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന മകളുടെ 1.3 കിലോ സ്വർണാഭരണങ്ങൾ പണയംവെക്കാൻ ലക്ഷ്മി ബാങ്കിലെത്തി. വൻതോതിലുള്ള ഓൺലൈൻ ഇടപാടുകളും അവരുടെ അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർക്ക് സംശയം തോന്നി. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബാങ്കിലെത്തിയ പോലീസ് ലക്ഷ്മിയെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് അവർ പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് ബെംഗളൂരു സൈബർ പോലീസ് അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവിൽ ആറുപേരെ അറസ്റ്റ് ചെയ്യുകയും നാല് കോടിയിലധികം രൂപ മരവിപ്പിക്കുകയും 1.46 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു.






