കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് ഓവുചാലിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച രാവിലെ എട്ടാം വളവിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഗതാഗത തടസ്സത്തെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലേക്കാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ച് വീണു. തുടർന്ന് ലോറി സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചശേഷം ഓവുചാലിലേക്ക് മറിഞ്ഞു.
പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.






