ന്യൂഡൽഹി: രാജ്യത്ത് സിഎൻജി വില വീണ്ടും വർധിപ്പിച്ചു. ഡൽഹിയിൽ കിലോയ്ക്ക് രണ്ട് രൂപയാണ് കൂട്ടിയത്. ഇതോടെ സിഎൻജിയുടെ പുതിയ വില 83.09 രൂപയായി. കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം സിഎൻജി വിലയിൽ ആകെ ഏഴ് രൂപയുടെ വർധനവാണ് ഉണ്ടായത്. 15 ദിവസത്തിനുള്ളിലെ നാലാമത്തെ വിലക്കയറ്റമാണിത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില വർധിക്കാൻ കാരണമായത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 86 ഡോളറായി ഉയർന്നു. ഇതിനിടെ പെട്രോൾ, ഡീസൽ വിലയും അടുത്തിടെ വർധിപ്പിച്ചിരുന്നു. പെട്രോളിന് ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ 8.05 രൂപയുടെ വർധനവുണ്ടായി.
വിലക്കയറ്റത്തെ തുടർന്ന് കേരളത്തിലെ പല സ്ഥലങ്ങളിലും ഡീസൽവില 100 രൂപ കടന്നു. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. എന്നാൽ ഇറക്കുമതി ചെലവ് കൂടുന്നതിനാൽ വില വർധനവ് ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.






