ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ മദ്യലഹരി തർക്കം കൊലപാതകത്തിൽ കലാശിച്ചു. സംഭവത്തിൽ 30-കാരനായ മുനിഷ് കൊല്ലപ്പെട്ടു. പിതാവ് ദയാ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. തർക്കത്തിനിടെ മുനിഷ് പിതാവിനെ മർദ്ദിച്ചതോടെ പ്രകോപിതനായ ദയാ റാം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുനിഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
സംഭവത്തിന് ശേഷം മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ച് സംഭവം മറച്ചുവയ്ക്കാൻ ദയാ റാം ശ്രമിച്ചു. എന്നാൽ മുനിഷിനെ കാണാതായതിനെ തുടർന്ന് ഗ്രാമവാസികൾക്ക് സംശയം തോന്നി. തുടർന്ന് ദയാ റാമിന്റെ സഹോദരി ഭിര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മകനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ചുവെന്ന് ദയാ റാം പൊലീസിനോട് സമ്മതിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.






