കോഴിക്കോട്: കോഴിക്കോട്– കൊല്ലഗൽ ദേശീയപാതയിലെ അമ്പായത്തോട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശിനിയായ വിപ (20)യാണ് താമരശ്ശേരി സർക്കാർ താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവിച്ചത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വിപയ്ക്ക് ഇത് രണ്ടാമത്തെ പ്രസവമാണ്. രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ പരിശോധനയ്ക്ക് എത്തിയ യുവതിയോട് അടുത്ത ശനിയാഴ്ച വീണ്ടും വരാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വൈകുന്നേരത്തോടെ പ്രസവവേദന ശക്തമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് ജനിച്ചത്.
യുവതിക്കൊപ്പം ഉണ്ടായിരുന്ന ഭർത്താവിന്റെ മാതാവ് റജീന നവജാത ശിശുവിനെ നൈറ്റിയിൽ പൊതിഞ്ഞ് സുരക്ഷിതമായി പിടിച്ചുനിന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം നഴ്‌സുമാർ ഓട്ടോയിൽവെച്ചുതന്നെ പൊക്കിൾക്കൊടി മുറിച്ച് അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റി. അടിയന്തര ചികിത്സ നൽകിയ ശേഷം ഇരുവരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അധികൃതർ പറഞ്ഞു.






