കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം ആഭ്യന്തര വിഭാഗീയത വീണ്ടും പരസ്യമായി. ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
“ഏരിയാ കമ്മിറ്റി പിരിച്ചുവിടണം”, “നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ്” എന്നീ സന്ദേശങ്ങളാണ് ഫ്‌ളക്‌സ് ബോർഡുകളിലുള്ളത്. ഏരിയാ സെക്രട്ടറി പി. സന്തോഷ്, മുൻ എംഎൽഎ സി. കൃഷ്ണൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്.
“ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാകില്ല”, “ഏരിയാ നേതാക്കൾ വിഭാഗീയതയ്ക്ക് കൂട്ടുനിൽക്കുന്നു” എന്നീ വിമർശനങ്ങളും ഫ്‌ളക്‌സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “സേവ് സിപിഐഎം” എന്ന പേരിലാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിന് മുൻപും വി കുഞ്ഞികൃഷ്ണന് അഭിവാദ്യം അർപ്പിച്ച് ഫ്‌ളക്‌സുകൾ ഉയർന്നിരുന്നു. പിന്നാലെയാണ് നേതൃത്വത്തിനെതിരെ പുതിയ പ്രതിഷേധ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കഴിഞ്ഞ ദിവസം പി ജയരാജൻ നെയും പിന്തുണച്ച് കുഞ്ഞിമംഗലം തലായിമുക്കിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരുന്നു. “ഞങ്ങളുണ്ട് കൂടെ, അഭിവാദ്യങ്ങൾ” എന്ന സന്ദേശത്തോടെയായിരുന്നു ഫ്‌ളക്‌സ്.
നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും അത് അവഗണിച്ചാണ് പുതിയ ഫ്‌ളക്‌സുകൾ ഉയർന്നിരിക്കുന്നത്. സംഭവം സിപിഐഎമ്മിനുള്ളിലെ വിഭാഗീയത വീണ്ടും പൊതുചർച്ചയാക്കി മാറ്റിയിരിക്കുകയാണ്.






