പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ വിദ്യാർഥിക്ക് തെറ്റായ ഉത്തരക്കടലാസ് നൽകിയതായി സിബിഎസ്ഇ സമ്മതിച്ചു. ഫിസിക്‌സ് പരീക്ഷയുടെ ഉത്തരപേപ്പറിന് പകരം മറ്റൊരാളുടെ ഉത്തരക്കടലാസാണ് വിദ്യാർഥിക്ക് ലഭിച്ചതെന്ന് ബോർഡ് സ്ഥിരീകരിച്ചു.
മൂല്യനിർണയത്തിൽ അപാകതകളുണ്ടെന്ന പരാതിയെ തുടർന്ന് ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു. ഇതിന് അപേക്ഷ നൽകിയ വേദാന്ത് എന്ന വിദ്യാർഥിക്കാണ് സ്വന്തം ഉത്തരപേപ്പറിന് പകരം മറ്റൊരാളുടേത് ലഭിച്ചത്.
കൈയക്ഷരത്തിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ വേദാന്ത് എക്‌സിൽ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. പിന്നാലെ വേദാന്തിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും ഉണ്ടായി. ഇയാൾ വ്യാജ പ്രൊഫൈലാണെന്നും പാകിസ്താനിയാണെന്നും ഉൾപ്പെടെയുള്ള പ്രചാരണങ്ങളാണ് നടന്നത്.
എന്നാൽ പിന്നീട് തെറ്റായ ഉത്തരപേപ്പർ തന്നെയാണ് നൽകിയതെന്ന് സിബിഎസ്ഇ സമ്മതിക്കുകയും യഥാർഥ ഉത്തരക്കടലാസ് കൈമാറുകയും ചെയ്തു. ഇക്കാര്യം വേദാന്ത് എക്‌സിലൂടെ തന്നെ അറിയിച്ചു. തങ്ങൾ പാകിസ്താനികൾ അല്ലെന്നും ഉത്തരക്കടലാസ് പ്രശ്നം ചൂണ്ടിക്കാണിക്കാനാണ് എക്സ് അക്കൗണ്ട് ആരംഭിച്ചതെന്നും വേദാന്തിന്റെ സഹോദരൻ സിദ്ധാന്ത് വ്യക്തമാക്കി.
മെയ് 13-നാണ് സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചത്. ഒഎസ്എം രീതിയിൽ മാർക്ക് കണക്കാക്കിയതിൽ പിഴവുകൾ സംഭവിച്ചെന്നാരോപിച്ച് നിരവധി വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. ലഭിക്കുന്ന ഉത്തരക്കടലാസുകളുടെ ഗുണനിലവാരവും മോശമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു.
പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനെത്തുന്നവർക്ക് വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളും തിരിച്ചടിയാകുന്നുണ്ടെന്നാണ് പരാതി. പ്രശ്നങ്ങൾ പരിഹരിക്കാൻ മദ്രാസ് ഐഐടിയിൽ നിന്നുള്ള വിദഗ്ധസംഘത്തെ നിയോഗിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.






