ലാവോസിൽ സ്വർണം തിരയുന്നതിനായി ഗുഹയിലിറങ്ങിയ ഏഴ് ഗ്രാമീണർ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങി. ഒരു ആഴ്ചയ്ക്കുമുമ്പ് മധ്യ ലാവോസിലെ സെയ്സോംബൂൻ പ്രവിശ്യയിലെ വലിയ ഗുഹയിൽ പ്രവേശിച്ച ഇവരാണ് ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താൻ വ്യാപകമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രാമീണർ സ്വർണം തിരയുന്നതിനായി ഗുഹയ്ക്കുള്ളിലേക്ക് പോയത്. തുടർന്ന് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളം കയറി ഗുഹയുടെ പുറംവഴി അടഞ്ഞതാണ് അപകടത്തിന് കാരണം. ലാവോസിന്റെയും തായ്ലൻഡിന്റെയും രക്ഷാസേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
2018-ൽ തായ്ലൻഡിൽ ഫുട്ബോൾ ടീം ഗുഹയിൽ കുടുങ്ങിയ സംഭവത്തിൽ പങ്കെടുത്ത രണ്ട് തായ് ഡൈവർമാരും ഫിൻലാൻഡിൽ നിന്നുള്ള ഒരു വിദഗ്ധനും ഇപ്പോഴത്തെ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, കുടുങ്ങിയവർ ഗുഹയ്ക്കുള്ളിലെ ഉയർന്ന ഒരു ഭാഗത്താണ് കഴിയുന്നത്. അവരിലേക്ക് എത്താൻ 340 മീറ്റർ നീളമുള്ള ഇടുങ്ങിയ തുരങ്കത്തിലൂടെ ഇഴഞ്ഞ് നീങ്ങേണ്ടിവരും. ചില ഭാഗങ്ങളിൽ തുരങ്കത്തിന്റെ വീതി വെറും 60 സെന്റിമീറ്റർ മാത്രമാണ്.
ഗുഹയുടെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയ നിലയിലായതിനാൽ രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുകയും, കേബിളുകൾ ഉപയോഗിച്ച് സുരക്ഷിത വഴികൾ ഒരുക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഗുഹയ്ക്ക് മുകളിലെ മലമുകളിലുള്ള തുരങ്കദ്വാരങ്ങൾ വഴി മറ്റൊരു പ്രവേശനമാർഗം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നു.
സുരക്ഷാ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ധാതുസമ്പത്തുകൾ തേടി ഗ്രാമീണർ ഈ പ്രദേശത്തേക്ക് പതിവായി പോകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവർ പോയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളാണ് കുടുങ്ങിയ വിവരം പുറത്തറിഞ്ഞത്.






