കൊൽക്കത്ത: ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ. സ്ത്രീകൾക്ക് മാസം 3,000 രൂപ നൽകുന്ന അന്നപൂർണ യോജന പദ്ധതിക്കായുള്ള അപേക്ഷാഫോമുകൾ മേയ് 27 മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.
സ്കൂളുകൾ, കോളജുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ അനുവദിക്കില്ലെന്നും സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ 400 പ്രത്യേക കാന്റീനുകൾ വഴി ആഴ്ചയിൽ രണ്ടുതവണ അഞ്ച് രൂപയ്ക്ക് മീൻകറിയോടുകൂടിയ ഭക്ഷണം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്നപൂർണ യോജനയുടെ ആനുകൂല്യം എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വകുപ്പിൽ നിന്ന് വേർതിരിച്ച് പുതിയ ആയുഷ് വകുപ്പ് രൂപീകരിക്കുമെന്നും അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് സ്വദേശികളായ അനധികൃത കുടിയേറ്റക്കാരെ ബിഎസ്എഫിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകൾ തടയുന്നതിനായി പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായുള്ള ബില്ലുകൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
2021ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും മുൻപ് അന്വേഷിക്കാത്ത കൊലപാതക കേസുകളെയും കുറിച്ചും സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.






