തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന് നാക്കുപിഴ. 2,90,398 പേർ ഉപരിപഠനത്തിനു യോഗ്യത നേടി എന്നതിന് രണ്ടു ലക്ഷത്തി തൊള്ളായിരത്തി മുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഇതിന് പുറമെ വാർത്താ സമ്മേളനത്തിലുടനീളം മന്ത്രിക്ക് പല അക്കങ്ങളും വസ്തുതകളും തെറ്റുന്നതും കാണാമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ എന്നതിന് പകരം കുറവ് എന്നാണ് പല സ്ഥലത്തും അദ്ദേഹം പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ ഫലപ്രഖ്യാനത്തിൽ തന്നെ നിരവധി തെറ്റുകൾ വന്നതോടെ സമൂഹമാധ്യമങ്ങളും ഉണർന്നു. ‘എഴുതിക്കൊടുത്തത് നോക്കി വായിക്കാൻ പോലും അറിയാതെയാണ് വിദ്യാഭ്യാസമന്ത്രി’ എന്നാണ് പലരും കുറിച്ചിരിക്കുന്നത്. ഒപ്പം മുൻ വിദ്യാഭ്യാസ മന്ത്രിക്ക് ഒന്നുമില്ലെങ്കിലും വായിക്കാൻ അറിയാമായിരുന്നു എന്ന തരത്തിലും ട്രോളുകൾ നിറഞ്ഞു. തുടക്കം തന്നെ പാളി എന്നും കമന്റുകളുണ്ട്. 77. 97 ശതമാനമാണ് ഇത്തവണത്തെ വിജയം.






